ത്രീ ചിയേഴ്സ്!!!
വസന്തം - spring
ഗ്രീഷമം - summer
ശരത് - autumn
ഹേമന്തം/ശിശിരം - winter
മഴക്കാലവും വേനലും മാത്രം കണ്ടിട്ടുള്ള ഞാന്‍ 2007 - ലെ വേനല്‍ അവസാനത്തിലാണ് അമേരിക്കായിലെത്തുന്നത്. വേനല്‍ അവസാനിക്കുന്നതില്‍ ബാക്കിയുള്ളവര്‍ ദു:ഖിച്ചപ്പോള്‍ ഞാന്‍ വരാന്‍ പോകുന്ന ശിശിരത്തിലെ മരങ്ങളൊരുക്കുന്ന വര്‍ണ്ണക്കാഴ്ചകളും ഹേമന്തത്തിലെ മഞ്ഞിന്റെ വെണ്മയും നേരില്‍ കാണുവാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.
കാലം മാറി, കഥ മാറി, കാലാവസ്ഥ എങ്ങും മാറി..
അങ്ങനെ ശരത്കാലത്തിലെ വര്ണ്ണകാഴ്ചകള്‍ എത്തി!
ഹാരിസ്സ്‌ബര്‍ഗ്ഗില്‍ സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്നും!
പെന്‍സില്‍വാനിയായിലെ ഹാരിസ്സ്‌ബര്‍ഗ്ഗില്‍ ഇത്തവണ അധികം മഞ്ഞുകാഴ്ചകളൊന്നും പ്രകൃതിയൊരുക്കിയില്ല. മഞ്ഞ് കാണാന്‍ മാത്രമേ കൊള്ളാവൂ എന്നും ഇതില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ചെറു മഞ്ഞുവീഴ്ചകള്‍ എന്നെ പഠിപ്പിച്ചു. രാവിലെ എഴുന്നേല്‍ക്കുവാന്‍ മടി, വൈകുന്നേരങ്ങളില്‍ നേരത്തെ യാത്രയാകുന്ന സൂര്യന്‍ (ഓഫീസ്സില്‍ നിന്നു അഞ്ചരയ്ക്ക് ഇറങ്ങുമ്പോള്‍ തന്നെ കൂരിരുട്ടായിരിക്കും) , നല്ല കിടുകിടാ തണുപ്പ്, പിന്നെ പനി, ചുമ - ഇവയൊക്കെ നിമിത്തം മഞ്ഞു കാഴ്ച്ചകള്‍ ക്യാമറയിലാക്കുന്ന ആഗ്രഹത്തിന് അവധി കൊടുത്തു. എങ്കിലും ജാലകത്തിനപ്പുറത്തെ ചില കാഴ്ചകള്‍!
പൂജ്യം ഡിഗ്രി എത്തിയാല്‍ പിന്നെ മഞ്ഞ് എന്നായിരുന്നു വിശ്വാസം. സ്ലീറ്റ്, സ്നോ എന്നീ വകഭേദങ്ങളൊക്കെ പുതിയ അറിവായിരുന്നു.
ഹേമന്തത്തിന് മൊത്തത്തില്‍ ഒരു ചാരനിറമായിരുന്നു ഇവിടെ.. ഇലകള്‍ കൊഴിഞ്ഞ് ജീവനില്ലാതെ നിന്നുറങ്ങുന്ന മരങ്ങള്‍, മിക്കപ്പോഴും മേഘപുതപ്പുകള്‍ക്കടിയില്‍ മടി പിടിച്ചുറങ്ങുന്ന സൂര്യന്‍, മൊത്തം തണുപ്പും ഏറ്റെടുത്ത് ചീറ്റിയടിക്കുന്ന കാറ്റ്.. ഹോ.. മൊത്തത്തില്‍ ഒരു അലസത..
ഹേമന്തത്തിന് ഞാന്‍ കണ്ട നിറം - ചാരനിറം - നരച്ച ഒരു ഉന്മേഷവും നല്‍കാത്ത ചാര നിറം.
വസന്തത്തിനെ വരവോടെ സൂര്യന്‍ മടിയുപേക്ഷിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ചെടികള്‍ തളിര്‍ത്തു തുടങ്ങി, പൂക്കള്‍ പൂക്കുന്നു, കിളികള്‍ പാടുന്നു.
ത്രീ ചിയേഴ്സ്, വസന്തം വന്നിരിക്കുന്നു.